Asianet News MalayalamAsianet News Malayalam

മുംബൈ-കൊല്‍ക്കത്ത പോരാട്ടത്തില്‍ വീണ്ടും ടോസ് വിവാദം, ഇത്തവണയും മുംബൈയെ സഹായിച്ചത് മാച്ച് റഫറിയെന്ന് ആരോപണം

ടോസിട്ട നാണയം സൂം ചെയ്യും മുമ്പ് മാച്ച് റഫറി ബോധപൂര്‍വം കാഴ്ച മറച്ച് മുംബൈക്ക് ടോസ് അനുകൂലമാക്കുകയായിരുന്നുവെന്നാണ് പുതിയ ആരോപണം.

Match referee blocks cameraman's view' zooming coin toss during MI vs KKR match, controversy erupts again
Author
First Published May 4, 2024, 8:30 AM IST

മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസിന്‍റെ മത്സരത്തിലെ ടോസ് വീണ്ടും വിവാദമാക്കി ആരാധകര്‍. ഇന്നലെ വാംഖഡെയില്‍ നടന്ന മുംബൈ ഇന്ത്യൻസ്-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തില്‍ നിര്‍ണായക ടോസ് നേടിയ മുംബൈ നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. നേരത്തെ റോയല്‍ ചലഞ്ചേഴ്സ് ബംഗലൂരുവിനെതിരായ മത്സരത്തില്‍ ടോസ് ജയിച്ചത് ആര്‍സിബി നായകന്‍ ഫാഫ് ഡൂപ്ലെസിയായിരുന്നുവെന്നും എന്നാല്‍ മാച്ച് റഫറി ജവഗല്‍ ശ്രീനാഥ് മുംബൈ ടോസ് ജയിച്ചതായി പ്രഖ്യാപിച്ച് മുംബൈയെ വഴിവിട്ട് സഹായിച്ചുവെന്നും ആരോപണം ഉയര്‍ന്നതിനുശേഷം ടോസിടുന്ന നാണയം ക്യാമറയില്‍ സൂം ചെയ്ത് കാണിക്കുന്ന പതിവു തുടങ്ങിയിരുന്നു.

പിന്നീട് നടന്ന മത്സരങ്ങളിലെല്ലാം ടോസിടുന്നതിന് പിന്നാലെ ക്യാമറ നാണയത്തിലേക്ക് സൂം ചെയ്തശേഷമാണ് മാച്ച് റഫറി നാണയം കൈയിലെടുക്കാറുള്ളത്. എന്നാല്‍ ഇന്നലെ നടന്ന മുംബൈ-കൊല്‍ക്കത്ത പോരാട്ടത്തില്‍ മുംബൈ നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ടോസിട്ട നാണയം ചെന്നുവീണത് പിച്ചിനും പുറത്തായിരുന്നു. ക്യാമറ നാണയത്തിലേക്ക് സൂം ചെയ്യും മുമ്പ് കാഴ്ച മറച്ച് മാച്ച് റഫറിയായിരുന്ന പങ്കജ് ധര്‍മാനി ടോസിട്ട നാണയം കൈയിലെടുത്ത് മുംബൈ ടോസ് ജയിച്ചതായി പ്രഖ്യാപിച്ചതാണ് വിവാദമായത്. പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താനുള്ള ജീവന്‍മരണപ്പോരാട്ടമായിരുന്നതിനാല്‍ ഇന്നലെ ടോസ് നേടുക എന്നത് മത്സരത്തില്‍ നിര്‍ണായകമായിരുന്നു. ക്യാമറ നാണയത്തിലേക്ക് സൂം ചെയ്യും മുമ്പെ മാച്ച് റഫറി കാഴ്ച മറച്ച് നാണയം കൈയിലെടുത്തു.

12 വര്‍ഷത്തിനുശേഷം വാംഖഡെയിലെ ആ കടം വീട്ടി കൊല്‍ക്കത്ത, മുംബൈക്ക് ഇനി പെട്ടിമടക്കാം

ടോസ് നേടിയ മുംബൈ നായകന്‍ രാത്രിയിലെ മഞ്ഞുവീഴ്ച പ്രതീക്ഷിച്ചും മുംബൈയില്‍ ചേസിംഗ് അനായാസമാകുമെന്ന് കണ്ടും ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയും ചെയ്തു. ടോസിട്ട നാണയം സൂം ചെയ്യും മുമ്പ് മാച്ച് റഫറി ബോധപൂര്‍വം കാഴ്ച മറച്ച് മുംബൈക്ക് ടോസ് അനുകൂലമാക്കുകയായിരുന്നുവെന്നാണ് പുതിയ ആരോപണം. നേരത്തെ ആര്‍സിബി-മുംബൈ പോരാട്ടത്തില്‍ ഇതുപോലെ നാണയം കൈയിലെടുത്ത ജവഗല്‍ ശ്രീനാഥ് ആര്‍സിബിക്ക് അനുകൂലമായ ടോസ് നാണയം കൈയിലെടുത്തശേഷം തിരിച്ച് മുംബൈക്ക് അനുകൂലമാക്കി എന്നായിരുന്നു ആരോപണം ഉയര്‍ന്നത്. ടോസ് വിവാദം ഡൂപ്ലെസി ഹൈദരാബാദ് നായകന്‍ പാറ്റ് കമിന്‍സിനോട് ചര്‍ച്ച ചെയ്യുന്ന വീഡിയോയും പിന്നീട് പുറത്തുവന്നു.

അതിനുശേഷമാണ് ടോസിടുന്ന നാണയം സൂം ചെയ്ത് കാണിക്കുന്ന രീതി ഐപിഎല്ലില്‍ തുടങ്ങിയത്. എന്നാല്‍ ഇന്നലെ ടോസ് നേടി ആദ്യം ബൗളിംഗ് എടുത്തിട്ടും മുംബൈ തോറ്റതിനാല്‍ സംഭവം കത്തിപ്പടരനിടയില്ലെന്നാണ് കരുതുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios