Asianet News MalayalamAsianet News Malayalam

'തരികിട' കാണിച്ച് വൈഡ് നേടിയെടുത്ത് മുംബൈ ഇന്ത്യന്‍സ്! പ്രതിഷേധമറിയിച്ച് സാം കറന്‍; മൈന്‍ഡ് ആക്കാതെ അംപയര്‍

ഡിആര്‍എസ് ദുരുപയോഗം നടത്തിയെന്നാണ് പുതിയ ആരോപണം. ഇന്നലെ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തിലാണ് സംഭവം.

watch video suryakumar yadav takes wide review after single from mumbai dugout
Author
First Published Apr 19, 2024, 4:36 PM IST

മുല്ലാന്‍പൂര്‍: ഐപിഎല്‍ സീസണിലുടനീളം മുംബൈ ഇന്ത്യന്‍സിനെ സംബന്ധിച്ചിടത്തോളം സുഖകരമായ കാര്യങ്ങളല്ല നടക്കുന്നത്. രോഹിത് ശര്‍മയെ നായക സ്ഥാനത്ത് നിന്ന് മാറ്റി ഹാര്‍ദിക് പാണ്ഡ്യയെ കൊണ്ടുവന്നപ്പോള്‍ മുതല്‍ തുടങ്ങിയാണ് പ്രശ്‌നങ്ങള്‍. ടൂര്‍ണമെന്റ് തുടങ്ങിയത് മുതല്‍ ഹാര്‍ദിക്കിന് കൂവലും പരിഹാസവുമുണ്ട്. ആര്‍സിബിക്കെതിരായ മത്സരത്തില്‍ മുംബൈ ടോസില്‍ കൃത്രിമം കാണിച്ചെന്ന ആരോപണവും നേരിടേണ്ടി വന്നു. ഇപ്പോഴിതാ മറ്റൊരു ആരോപണവും കൂടി മുംബൈ ഇന്ത്യന്‍സിനെതിരെ. 

ഡിആര്‍എസ് ദുരുപയോഗം നടത്തിയെന്നാണ് പുതിയ ആരോപണം. ഇന്നലെ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തിലാണ് സംഭവം. മുംബൈ താരം സൂര്യകുമാര്‍ യാദവ് ബാറ്റ് ചെയ്യുമ്പോള്‍ 15-ാം ഓവറില്‍ അര്‍ഷ്ദീപ് സിംഗിന്റെ പന്ത് വൈഡ് ലൈനിലൂടെ കടന്നുപോയി. അംപയറാവട്ടെ വൈഡ് വിളിച്ചതുമില്ല. സൂര്യകുമാര്‍ റിവ്യൂ ചെയ്യാന്‍ ആവശ്യപ്പെട്ടതുമില്ല. എന്നാല്‍ മുംബൈ ഡഗ് ഔട്ടില്‍ നിന്നും റിവ്യൂവിന് പോകാന്‍ നിര്‍ദേശം വന്നു.

മാര്‍ക് ബൗച്ചര്‍ വൈഡാണെന്ന സൂചന നല്‍കി. മധ്യനിര താരം ടിം ഡേവിഡാവട്ടെ റിവ്യൂ ആവശ്യപ്പെടാനുള്ള സിഗ്‌നലും കാണിച്ചു. തുടര്‍ന്നാണ് സൂര്യകുമാര്‍ റിവ്യൂ ആവശ്യപ്പെട്ടത്. മുംബൈയ്ക്ക് അനുകൂലമായി മൂന്നാം അമ്പയര്‍ വൈഡും വിളിച്ചു. ഡ്രസിംഗ് റൂമില്‍ നിന്ന് നിര്‍ദ്ദേശം വന്നതിനാല്‍ റിവ്യൂ അനുവദിക്കരുതെന്ന് പഞ്ചാബ് നായകന്‍ സാം കറന്‍ അംപയറോട് ആവശ്യപ്പെട്ടു. എന്നാല്‍ അംപയര്‍ കറന്റെ ആവശ്യം തള്ളി. സംഭവുമായി ബന്ധപ്പെട്ട ചില ട്വീറ്റുകള്‍ വായിക്കാം...

പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ മുംബൈ ജയിച്ചിരുന്നു. ത്രില്ലറില്‍ ഒമ്പത് റണ്‍സിന്റെ ജയമാണ് മുംബൈ സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ മുംബൈ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സാണ് അടിച്ചെടുത്തത്. 53 പന്തില്‍ 78 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവാണ് ടീമിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ പഞ്ചാബ് 19.1 ഓവറില്‍ 183ന് എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് വീതം നേടിയ ജസ്പ്രിത് ബുമ്ര, ജെറാള്‍ഡ് കോട്‌സ്വീ എന്നിവരാണ് പഞ്ചാബിനെ ഒതുക്കിയത്.

Follow Us:
Download App:
  • android
  • ios