Asianet News MalayalamAsianet News Malayalam

ഗുസ്തിക്കാർ കുഞ്ഞുങ്ങളെ കരയിപ്പിക്കും, കൂടുതല്‍ കരഞ്ഞാല്‍ വിജയി, 400 വർഷം പഴക്കമുള്ള 'ക്രയിംഗ് ബേബി സുമോ'

സുമോ ഗുസ്തിക്കാരായ ആളുകൾ കുട്ടികളെ എടുത്ത് ഉയർത്തി ഉച്ചത്തിൽ കരയിക്കാൻ ശ്രമിക്കുന്നതാണ് ഈ ചടങ്ങ്. ഇങ്ങനെ ചെയ്യുമ്പോൾ ഏതു കുട്ടിയാണോ കൂടുതൽ ഉച്ചത്തിൽ കരയുന്നത് ആ കുട്ടി മത്സരത്തിൽ ജയിക്കും.

400 year old crying baby sumo festival in japan
Author
First Published May 3, 2024, 4:52 PM IST

ഓരോ രാജ്യത്തിനും അവരവരുടേതായ സംസ്കാരങ്ങൾ ഉണ്ട്. അത്തരം സംസ്കാരങ്ങളുമായി ബന്ധപ്പെട്ട് നിരവധി ആചാരങ്ങളും ആഘോഷങ്ങളും ഒക്കെ നടത്താറുണ്ട്. ഇത്തരം ചടങ്ങുകളെല്ലാം മിക്കവാറും നടത്തുന്നത് ആ സമൂഹത്തിലെ ജനങ്ങൾക്ക് ഭാഗ്യവും സമൃദ്ധിയും ഐശ്വര്യവും ഒക്കെ ഉണ്ടാകുന്നതിനു വേണ്ടിയാണ്. അന്തർദേശീയ ശ്രദ്ധ നേടിയ പല പുരാതന വിശ്വാസങ്ങളും ഇപ്പോഴും പ്രചാരത്തിലുണ്ട്. ജപ്പാനിലെ 'ക്രയിംഗ് ബേബി സുമോ' എന്നറിയപ്പെടുന്ന നക്കിസുമോ അത്തരത്തിലൊരു ചടങ്ങാണ്. 

400 വർഷത്തിലധികം പഴക്കമുള്ള ഈ ചടങ്ങ് കോവിഡ് മഹാമാരിക്ക് മുൻപ് എല്ലാ വർഷവും കൃത്യമായി നടത്തിയിരുന്നു. എന്നാൽ, കോവിഡിന്റെ വ്യാപനത്തോടെ ഇതു നിന്നുപോയി. അതിനുശേഷം ഇത് രണ്ടാം തവണയാണ്  ക്രയിംഗ് ബേബി സുമോ ജപ്പാനിൽ ആഘോഷിക്കുന്നത്. ഈ വർഷത്തെ ആഘോഷം ഏപ്രിൽ 28 -ന് ജപ്പാനിലെ ടോക്കിയോയിൽ ആയിരുന്നു. 100 -ലധികം കുട്ടികൾ ഈ ഗംഭീരമായ പരിപാടിയിൽ പങ്കെടുത്തു.  

ജപ്പാനിലെ പ്രശസ്തമായ സുമോ മത്സരങ്ങളുടെ മാതൃകയിൽ ശിശുക്കളുടെ വളർച്ചയും ക്ഷേമവും ലക്ഷ്യമാക്കി ആഘോഷിക്കുന്ന ഒരു മത്സരമാണ് നകിസുമോ. ജപ്പാനിലെ വിവിധ പ്രദേശങ്ങളിൽ ഇത് വർഷം തോറും സംഘടിപ്പിക്കപ്പെടുന്നു. റിപ്പോർട്ടുകൾ പ്രകാരം നകിസുമോയുടെ ഉത്ഭവത്തിന് നാല് നൂറ്റാണ്ടുകൾ പഴക്കമുള്ളതായി കണ്ടെത്താനാകും. കുഞ്ഞിൻ്റെ കരച്ചിൽ "ദുഷ്ടാത്മാക്കളെ അകറ്റുകയും ഭാഗ്യം കൊണ്ടുവരുകയും ചെയ്യുന്നു"എന്നാണ് ജപ്പാനിലെ വിശ്വാസം. ഈ വിശ്വാസത്തെ അടിസ്ഥാനമാക്കിയാണ് ഈ ആഘോഷം സംഘടിപ്പിക്കുന്നതും.

സുമോ ഗുസ്തിക്കാരായ ആളുകൾ കുട്ടികളെ എടുത്ത് ഉയർത്തി ഉച്ചത്തിൽ കരയിക്കാൻ ശ്രമിക്കുന്നതാണ് ഈ ചടങ്ങ്. ഇങ്ങനെ ചെയ്യുമ്പോൾ ഏതു കുട്ടിയാണോ കൂടുതൽ ഉച്ചത്തിൽ കരയുന്നത് ആ കുട്ടി മത്സരത്തിൽ ജയിക്കും. മാത്രമല്ല ആ കുട്ടിയുടെ കുടുംബത്തിനും മാതാപിതാക്കൾക്കും കൂടുതൽ ഭാഗ്യവും സമ്പൽസമൃദ്ധിയും ഉണ്ടാകുമെന്നും ഇവർ വിശ്വസിക്കുന്നു.

ജപ്പാനിൽ ഉടനീളം ഈ ചടങ്ങ് സംഘടിപ്പിക്കാറുണ്ടെങ്കിലും ഈ വർഷത്തെ ഔദ്യോഗിക ചടങ്ങ് നടന്നത്
ടോക്കിയോയിലെ ചരിത്രപ്രസിദ്ധമായ സെൻസോജി ക്ഷേത്രത്തിൽ ആണ്. കുഞ്ഞുങ്ങളെ കരയിപ്പിക്കുന്ന സമ്പ്രദായത്തെ ചിലർ ചോദ്യം ചെയ്യുമെങ്കിലും, ഈ പരിപാടി മാതാപിതാക്കളും കാണികളും ഒരുപോലെ വിലമതിക്കുന്നതാണെന്നാണ് പരിപാടി സംഘടിപ്പിച്ച അസകുസ ടൂറിസം ഫെഡറേഷൻ്റെ ചെയർമാൻ ഷിഗെമി ഫുജി പറയുന്നത്.
 

Follow Us:
Download App:
  • android
  • ios