Asianet News MalayalamAsianet News Malayalam

സീൻ മാറ്റാൻ സുരേഷ് ​ഗോപിയും; 'വരാഹം' വൻ അപ്ഡേറ്റ്, 'ഒറ്റക്കൊമ്പൻ' എന്നെന്ന് ആരാധകർ

ഗരുഡന്‍ എന്ന ചിത്രമാണ് സുരേഷ് ഗോപിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്.

actor suresh gopi movie Varaaham motion poster, navya nair, Gautham Vasudev Menon
Author
First Published May 1, 2024, 9:04 PM IST

സുരേഷ് ​ഗോപി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വരാഹം. സനൽ വി ദേവൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം സുരേഷ് ​ഗോപിയുടെ സിനിമാ കരിയറിലെ 257മത് ചിത്രം കൂടിയാണ്. പ്രഖ്യാപനം മുതൽ ശ്രദ്ധനേടിയ ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സിനിമാസ്വാദകരും ആരാധകരും. ഇപ്പോഴിതാ വരാഹത്തിന്റെ പുതിയ അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് സുരേഷ് ​ഗോപി. 

വരാഹത്തിന്റെ മോഷൻ പോസ്റ്റർ ആണ് പുറത്തുവിട്ടിരിക്കുന്നത്. നി​ഗൂഢത ഉണർത്തുന്ന പശ്ചാത്തല സം​ഗീതത്തിന് ഒപ്പമെത്തി പോസ്റ്റർ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ചോരപുരണ്ട ആയുധമേന്തിയുള്ള കൈയ്ക്ക് ഒപ്പം വരാഹം എന്നെഴുതുന്നത് പോസ്റ്ററിൽ കാണാം. എന്തായാലും വരാഹം ഒരു സസ്പെൻസ് ത്രില്ലർ ആകാനാണ് സാധ്യതയെന്നാണ് പോസ്റ്റർ നൽകുന്ന സൂചന. 

ഇന്ദ്രജിത്ത് സുകുമാരൻ നായകനായി എത്തിയ കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ സംവിധായകൻ ആണ് സനൽ വി ദേവ്. കഴിഞ്ഞ വർഷം ഡിസംബർ 15ന് വരാഹത്തിന്റെ ഷൂട്ടിം​ഗ് ആരംഭിച്ചിരുന്നു. സുരാജ് വെഞ്ഞാറമൂട്, നവ്യ നായർ, ​ഗൗതം വാസുദേവ് മേനോൻ തുടങ്ങിയവർ സുരേഷ് ​ഗോപിയ്ക്ക് ഒപ്പം ചിത്രത്തിൽ ഉണ്ട്. ജിത്തു കെ ജയൻ, മനു സി കുമാർ എന്നിവർ ചേർന്നാണ് കഥ ഒരുക്കിയിരിക്കുന്നത്. തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് മനു ആണ്. ചിത്രം ഈ വർഷം തിയറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

അതേസമയം, ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒറ്റക്കൊമ്പന്‍ എന്ന ചിത്രം എപ്പോള്‍ ഉണ്ടാകുമെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഗരുഡന്‍ എന്ന ചിത്രമാണ് സുരേഷ് ഗോപിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. ബിജു മേനോനും പ്രധാന വേഷത്തില്‍ എത്തിയ ചിത്രം സംവിധാനം ചെയ്തത് അരുണ്‍ വര്‍മയാണ്. 

Follow Us:
Download App:
  • android
  • ios