Asianet News MalayalamAsianet News Malayalam

തെരഞ്ഞെടുപ്പ് ഗോദയില്‍ 'എഐ വനിതാ സഖാവും'! ഇന്ത്യയിലെ ആദ്യ പരീക്ഷണം, ആ റെക്കോർഡും സിപിഎമ്മിന്

സോഷ്യൽ മീഡിയയിൽ എഐ ഉപയോഗിക്കുന്ന ബംഗാളിലെ ആദ്യത്തെ പ്രധാന പാർട്ടി ഞങ്ങളാണെന്നത് സിപിഎം ഒരു പഴയ പാർട്ടിയാണെന്ന ധാരണയെ മറികടക്കാൻ സഹായിക്കുമെന്നും പ്രവർത്തകർ പറയുന്നു.

cpm using AI samata for election campaign
Author
First Published Apr 20, 2024, 7:15 PM IST

കൊൽക്കത്ത: ബം​ഗാളിൽ സിപിഎം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് സുന്ദരിയും. വാർത്താ അവതാരകയായ സമത എന്ന് പേരിട്ട എഐ സുന്ദരിയെയാണ് ബം​ഗാൾ സംസ്ഥാന കമ്മിറ്റി അവതരിപ്പിച്ചത്. ഫേസ്ബുക്ക്, യൂട്യൂബ് പ്ലാറ്റ്ഫോമുകളിൽ ബിജെപിയുടെയും ടിഎംസിയുടെയും ദുഷ്പ്രവൃത്തികൾ ഉയർത്തിക്കാട്ടുകയാണ് സമതയുടെ ലക്ഷ്യമെന്ന് സിപിഎം പറയുന്നു. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സോഷ്യൽ മീഡിയയിൽ സജീവമായി ഇടപെടാനാണ് പശ്ചിമ ബംഗാൾ സിപിഎം  സാങ്കേതികവിദ്യ ഉപയോ​ഗിക്കുന്നത്. നിലവിൽ പശ്ചിമ ബംഗാളിൽ ടിഎംസിയും ബി ജെ പിയും സംസ്ഥാനത്ത് ഇതുവരെ എഐയെ ഉപയോ​ഗിച്ച് പ്രചാരണം നടത്തിയിട്ടില്ല.

പാർട്ടി ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് ഉപയോഗിക്കുന്നത് ഇതാദ്യമല്ലെന്ന് എഐ അവതാരകക്ക് പിന്നിൽ പ്രവർത്തിച്ച പ്രവർത്തകർ പറഞ്ഞു. പാർട്ടി പ്രവർത്തകർക്കിടയിൽ ഞങ്ങൾ ചാറ്റ് ജിപിടി അടക്കം ഉപയോ​ഗിക്കുന്നു. 2023 അവസാനത്തോടെ Canva, Dubverse.ai, Midjourney തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലും ഞങ്ങൾ പരീക്ഷണം തുടങ്ങിയിരുന്നുവെന്നും പ്രവർത്തകർ പറയുന്നു. സമത പാർട്ടിയുടെ ആദ്യ മുന്നേറ്റ എഐ സംരംഭമാണെന്നും പ്രവർത്തകർ പറയുന്നു. എപ്പോഴും പരീക്ഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ സമത പ്രതിവാര വാർത്താ ബുള്ളറ്റിൻ ഷോകളിൽ മാത്രമേ അവതരിപ്പിക്കുന്നുള്ളൂ. ഭാവിയിൽ കൂടുതൽ വ്യാപിപ്പിക്കും.

സോഷ്യൽ മീഡിയയിൽ എഐ ഉപയോഗിക്കുന്ന ബംഗാളിലെ ആദ്യത്തെ പ്രധാന പാർട്ടി ഞങ്ങളാണെന്നത് സിപിഎം ഒരു പഴയ പാർട്ടിയാണെന്ന ധാരണയെ മറികടക്കാൻ സഹായിക്കുമെന്നും പ്രവർത്തകർ പറയുന്നു. മനുഷ്യജീവിതം മെച്ചപ്പെടുത്താൻ കഴിയുന്ന സാങ്കേതികവിദ്യയെ സിപിഐ എം എപ്പോഴും സ്വാഗതം ചെയ്തിട്ടുണ്ടെന്ന് മുതിർന്ന പാർട്ടി നേതാവായ സമിക് ലാഹിരി പറഞ്ഞു.  ഞങ്ങൾ കമ്പ്യൂട്ടറുകളെ എതിർത്തുവെന്ന് എല്ലാവരും വിശ്വസിക്കണമെന്ന് ഞങ്ങളുടെ എതിരാളികൾ ആഗ്രഹിക്കുന്നു. അതൊരു നുണയാണ്. ബാങ്കുകളിലും മറ്റ് സർക്കാർ ഓഫീസുകളിലും കംപ്യൂട്ടർ ഏർപ്പെടുത്തുന്നതിനെ കുറിച്ച് ചർച്ചകൾ നടക്കുമ്പോൾ ജോലി നഷ്ടപ്പെടുമെന്ന് ഭയന്ന് ജീവനക്കാർ പ്രതിഷേധം തുടങ്ങി. ഞങ്ങൾ അവരെ പിന്തുണച്ചു. ഞങ്ങൾ തൊഴിലാളികളുടെയും കർഷകരുടെയും പാർട്ടിയാണ്-അദ്ദേഹം കൂട്ടിച്ചേർത്തു.

Follow Us:
Download App:
  • android
  • ios