Asianet News MalayalamAsianet News Malayalam

കള്ളക്കടൽ പ്രതിഭാസം; തിരുവനന്തപുരത്ത് കടലാക്രമണം, ഉയർന്ന തിരമാല റോഡിലേക്ക് കയറി, വീടുകളിലുള്ളവരെ ഒഴിപ്പിച്ചു

കള്ളക്കടൽ മുന്നറിയിപ്പിനെ തുടർന്ന് കേരളാ തീരത്ത് ഓറഞ്ച് അലർട്ട് തുടരുകയാണ്.

Kerala weather update imd, orange alert to continue, In Thiruvananthapuram, high waves hit the road, forcing residents to evacuate their homes
Author
First Published May 5, 2024, 5:46 AM IST

തിരുവനന്തപുരം: കള്ളക്കടല്‍ പ്രതിഭാസത്തെതുടര്‍ന്ന് തിരുവനന്തപുരത്ത് കടലാക്രമണം. ശക്തമായ തിരമാല റോഡിലേക്ക് കയറി. തിരുവനന്തപുരം അഞ്ചുതെങ്ങിന് സമീപം പൂത്തുറയിലാണ് രൂക്ഷമായ കടലാക്രമണം ഉണ്ടായത്. ഇന്നലെ രാത്രിയോടെയാണ് സംഭവം. കടലാക്രമണത്തെതുടര്‍ന്ന് മൂന്ന് വീടുകളിലുള്ളവരെ ഒഴിപ്പിച്ചു. ബന്ധുവീടുകളിലേക്കാണ് ഇവരെ മാറ്റിയത്. ആലപ്പുഴ തൃക്കുന്നപ്പുഴ പഞ്ചായത്ത് പത്താം വാർഡിലും ഇന്നലെ രാത്രി 10 മണിയോടെ നേരിയ തോതിൽ കടൽ കയറി. മൂന്ന്കു ടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. 

അതേസമയം, കള്ളക്കടൽ മുന്നറിയിപ്പിനെ തുടർന്ന് കേരളാ തീരത്ത് ഓറഞ്ച് അലർട്ട് തുടരുകയാണ്. ഇന്ന് അര്‍ധരാത്രി വരെ ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്രസ്ഥിതി ഗവേഷണ പഠന കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS) നേരത്തെ പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് മുന്നറിയിപ്പ് ഇന്നലെ പിന്‍വലിച്ചിരുന്നെങ്കിലും ജാഗ്രതാ നിര്‍ദേശം തുടരുന്നുണ്ട്.

കള്ളക്കടല്‍ പ്രതിഭാസത്തിന് വരും ദിവസങ്ങളിലും സാധ്യതയുണ്ടെന്നും അതി ജാഗ്രത തുടരണമെന്നുമാണ് നിര്‍ദേശം.  ഇന്നലെ രാത്രി എട്ട് മണിയോടെ കേരള തീരത്ത് കടലാക്രമണ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ മുന്നറിയിപ്പിനിടെയാണ് അഞ്ചു തെങ്ങില്‍ കടലാക്രമണം ഉണ്ടായത്. തീരപ്രദേശങ്ങളില്‍ താമസിക്കുന്നവരും മത്സ്യബന്ധനത്തിന് പോകുന്നവരും ജാഗ്രത പാലിക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായി ഒഴിവാക്കണമെന്നും തീരത്ത് കിടന്ന് ഉറങ്ങരുതെന്നുമുള്ള മുന്നറിയിപ്പ് തുടരും. മത്സ്യബന്ധന യാനങ്ങൾ സുരക്ഷിതമായി സൂക്ഷിക്കണമെന്നും മുന്നറിയിപ്പുണ്ട്.

കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. 
2. മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും ഒഴിവാക്കുക.

കെഎസ്ആര്‍ടിസി ബസിന് മുന്നിൽ മേയര്‍ വാഹനം നിര്‍ത്തിയിട്ട സംഭവം; നടപടിക്ക് പൊലീസിന് നിര്‍ദ്ദേശം നൽകി കോടതി


 

Latest Videos
Follow Us:
Download App:
  • android
  • ios