Asianet News MalayalamAsianet News Malayalam

'നിർവികാരമായി കണക്കുകൂട്ടിയാൽ 32,506 സീറ്റിന്‍റെ കുറവ്'; മന്ത്രിയുടെ 'മലപ്പുറം വികാരം' പരാമർശത്തിന് മറുപടി

വായടപ്പിക്കാനല്ല, കലാലയത്തിന്‍റെ വാതിൽ തുറക്കാനാണ് തയ്യാറാവേണ്ടത്. പഠിച്ച് പരീക്ഷ എഴുതി വിജയിച്ച കുട്ടികൾക്ക് ഉപരിപഠനത്തിന് സൗകര്യം നൽകുക എന്നത് ഔദാര്യമല്ല മറിച്ച് അവകാശമാണെന്ന് സത്താർ പന്തല്ലൂർ

shortage of 32506 plus one seats in malappuram SKSSF leader Sathar Panthaloor replies to minister's malappuram sentiments comment
Author
First Published May 10, 2024, 11:20 AM IST

മലപ്പുറം: മലപ്പുറമെന്ന് പറഞ്ഞ് വികാരം ഉണ്ടാക്കരുതെന്ന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ പരാമർശത്തിനെതിരെ എസ്കെഎസ്എസ്എഫ് നേതാവ് സത്താർ പന്തല്ലൂർ. വലിയ അക്കങ്ങൾ പറയാൻ മന്ത്രിക്ക് അറിയാത്തതുകൊണ്ടാണ് മലപ്പുറത്തെ സീറ്റിന്റെ കുറവ് ചെറിയ വ്യത്യാസമായി തോന്നുന്നതെന്ന് അദ്ദേഹം വിമർശിച്ചു. വായടപ്പിക്കാനല്ല, കലാലയത്തിന്‍റെ വാതിൽ തുറക്കാനാണ് തയ്യാറാവേണ്ടത്. പഠിച്ച് പരീക്ഷ എഴുതി വിജയിച്ച കുട്ടികൾക്ക് ഉപരിപഠനത്തിന് സൗകര്യം വേണം. അത് അവകാശമാണെന്നും സത്താർ പന്തല്ലൂർ കുറിച്ചു.

മലപ്പുറം ജില്ലയിലെ പ്ലസ് വണ്‍ സീറ്റ് കണക്ക് വിശദീകരിച്ചാണ് സത്താർ പന്തല്ലൂരിന്‍റെ  പോസ്റ്റ്. മലപ്പുറം ജില്ലയിൽ 85 സർക്കാർ ഹയർ സെക്കന്‍ററി സ്കൂളുകളും 88 എയ്ഡഡ് ഹയർ സെക്കന്‍ററി സ്കൂളുകളുമുണ്ട്. ആകെ 839 ബാച്ചുകൾ. ഒരു ബാച്ചിൽ 50 വിദ്യാർഥികളെന്ന് കണക്കുകൂട്ടിയാൽ ആകെയുള്ളത് 41950 പ്ലസ് വൺ സീറ്റുകളാണ്. ഈ വർഷം പത്താം ക്ലാസ് ജയിച്ചവരുടെ എണ്ണം 79730. സിബിഎസ്‍ഇ ഫലം വരുമ്പോള്‍ ഇതിലും കൂടും. വളരെ നിർവ്വികാരമായി കണക്കു കൂട്ടിയാൽ കിട്ടുന്ന ഉത്തരം  37780 പ്ലസ് വൺ സീറ്റുകളുടെ കുറവുണ്ടെന്നാണ്. മലപ്പുറം ജില്ലയിലെ വി എച്ച് എസ് ഇ സീറ്റുകൾ- 2790, ഐടിഐ- 1124, പോളിടെക്നിക്- 1360. പ്ലസ് വൺ ഒഴികെ പൊതുമേഖലയിൽ  5274 സീറ്റ്. വീണ്ടും ഒട്ടും വികാരം കൊള്ളാതെ നോക്കുമ്പോൾ 32506 സീറ്റുകളുടെ കുറവുണ്ടെന്നും സത്താർ പന്തല്ലൂർ ചൂണ്ടിക്കാട്ടി. 

പരിഹാരമായി ഏതാനും വർഷങ്ങളായി സർക്കാർ  സർക്കാർ 20 ഉം 30 ഉം ശതമാനം സീറ്റ് വർധിപ്പിക്കും. താൽക്കാലിക ബാച്ചുകളും അനുവദിക്കും. ലബ്ബാ കമ്മീഷൻ നിർദ്ദേശവും ഹൈക്കോടതി നിരീക്ഷണവുമെല്ലാം ഈ ക്ലാസ്സ് കുത്തിനിറക്കുന്ന അശാസ്ത്രീയ നടപടിക്ക് എതിരാണ്. വർഷങ്ങളായി സർക്കാർ ഇത് തന്നെ തുടർന്നാൽ മലപ്പുറം ജില്ലക്കാർ മൗനം പാലിക്കണോയെന്ന് സത്താർ പന്തല്ലൂർ ചോദിക്കുന്നു. കഴിഞ്ഞ 15 വർഷമായി ശരാശരി കാൽ ലക്ഷം കുട്ടികൾ ജില്ലയിൽ ഉപരിപഠന സൗകര്യമില്ലാതെ ബുദ്ധിമുട്ടുമ്പോള്‍ ശാശ്വത പരിഹാരമുണ്ടാകുന്നില്ല. ഫീസ് കൊടുത്തു അൺ എയ്ഡഡ് സ്കുളുകളിൽ പഠിക്കാൻ എല്ലാവർക്കും കഴിയില്ലല്ലോ എന്നും സത്താർ പന്തല്ലൂർ പറയുന്നു.

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാൽ വൈകാരികത. കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാൽ വർഗീയത. വലിയ അക്കങ്ങൾ പറയാൻ മന്ത്രിക്ക് അറിയില്ല. അതുകൊണ്ടാണ് മലപ്പുറത്തെ സീറ്റിന്‍റെ കുറവ് ചെറിയ വ്യത്യാസമായി തോന്നുന്നത്. അതുകൊണ്ട് അങ്ങോട്ട് കണക്ക് പറഞ്ഞിട്ട് കാര്യവുമില്ല. ഈ നിസ്സഹായതയിൽ നിന്നുയരുന്ന ഒരു വികാരമുണ്ടല്ലൊ. അത് അടക്കി നിർത്താൻ തൽക്കാലം ആവില്ല. വായടപ്പിക്കാനല്ല, കലാലയത്തിന്‍റെ വാതിൽ തുറക്കാനാണ് മന്ത്രി തയ്യാറാവേണ്ടത്. പഠിച്ച് പരീക്ഷ എഴുതി വിജയിച്ച കുട്ടികൾക്ക് ഉപരിപഠനത്തിന് സൗകര്യം നൽകുക എന്നത് ഔദാര്യമല്ല മറിച്ച് അവകാശമാണെന്നും സത്താർ പന്തല്ലൂർ പ്രതികരിച്ചു. 

ഒന്നും രണ്ടുമല്ല ഒന്നിച്ച് ജനിച്ച് പഠിച്ച് 10ാം ക്ലാസിൽ മിന്നുംജയം നേടി 13 ജോഡികൾ, പിടിഎം സ്കൂളിന് ഇരട്ട മധുരം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios