Asianet News MalayalamAsianet News Malayalam

10 ജയിച്ചിട്ട് 30 വർഷം, 47-ാം വയസിൽ മകൾക്കൊപ്പം നീറ്റ് പരീക്ഷ എഴുതി അരീക്കോടുകാരൻ, റിസൽട്ടിനായി കാത്തിരിപ്പ്!

തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിൽ നിന്ന് പ്രീഡിഗ്രിയും ശേഷം മർകസിൽ നിന്ന് മതപഠനത്തോടൊപ്പം കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഡിഗ്രിയും പൂർത്തിയാക്കിയ മുഹമ്മദലി സഖാഫിയുടെ ഏറെ കാലത്തെ ആഗ്രഹമാണ് നീറ്റ് പരീക്ഷയെന്ന കടമ്പ.

47 year old father gives NEET exam with 17 year old daughter in malappuram areekode
Author
First Published May 8, 2024, 12:07 PM IST

മലപ്പുറം: വയസ് 47 ആയി, പത്താം ക്ലാസ് ജയിച്ചിട്ട് 30 കൊല്ലം കഴിഞ്ഞു, ഈ പ്രായത്തിൽ ഇനി ഒരു അങ്കത്തിനൊരുങ്ങണോ,  ഇനി ബാലികേറാമല കയറാനാവുമോ..? അരീക്കോട് വാക്കാലൂർ സ്വദേശി മുഹമ്മദലി സഖാഫിക്ക് ആശങ്കകളേറെയായിരുന്നു. ഒടുവിൽ ഒന്ന് പരിശ്രമിക്കാൻ തീരുമാനിച്ചു, എന്നാൽ ഒപ്പം കയറാമെന്ന് മകളും. അങ്ങനെ ഇത്തവണത്തെ നീറ്റ് പരീക്ഷയിൽ  മകൾക്കൊപ്പം 47 കാരൻ പിതാവും പരീക്ഷയെഴുതി !.

മകൾ ഫാത്വിമ സനിയ്യക്കൊപ്പമാണ് മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് എഴുതാൻ മലപ്പുറം അരീക്കോട് വാക്കാലൂർ സ്വദേശി മുഹമ്മദലി സഖാഫിഎത്തിയത്. 30 വർഷം മുമ്പ് സുല്ലമുസ്സലാം ഹൈസ്‌കൂളിൽ നിന്ന് എസ്എസ്എൽസിയും തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിൽ നിന്ന് പ്രീഡിഗ്രിയും ശേഷം മർകസിൽ നിന്ന് മതപഠനത്തോടൊപ്പം കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഡിഗ്രിയും പൂർത്തിയാക്കിയ മുഹമ്മദലി സഖാഫിയുടെ ഏറെ കാലത്തെ ആഗ്രഹമാണ് നീറ്റ് പരീക്ഷയെന്ന കടമ്പ. ഹയർ സെക്കൻഡറി പഠനം കഴിഞ്ഞ് മകൾ ഫാത്വിമ സനിയ്യയും നീറ്റിന് ശ്രമം തുടങ്ങിയതോടെ മുഹമ്മദലി സഖാഫിക്കും കാര്യങ്ങൾ എളുപ്പമായി. 

അങ്ങനെ മകളോടൊപ്പം തന്നെ നീറ്റ് എന്ന ആഗ്രഹം പൂർത്തീകരിക്കാം എന്ന തീരുമാനത്തിലെത്തുകയായിരുന്നു മുഹമ്മദലി സഖാഫി.കൂട്ടിന് മകളുള്ളതിനാൽ പാഠഭാഗങ്ങൾ ഒരുമിച്ച് ചർച്ച ചെയ്‌ത്‌ പഠിക്കാനായെനെന്ന് മുഹമ്മദലി പറയുന്നു. നേരത്തേ എടുത്ത പ്രീഡിഗ്രി തേർഡ് ഗ്രൂപ്പായതു കൊണ്ട് ഏറെ കാലത്തെ ആഗ്രഹമായ നീറ്റ് എഴുതാൻ വേണ്ടിമാത്രം വീണ്ടും കഴിഞ്ഞ വർഷം കോട്ടക്കൽ വിദ്യാഭവൻ സീനിയർ സെക്കൻഡറി ഇംഗ്ലീഷ് സ്‌കൂളിൽ നിന്ന് പ്ലസ്‌ടു സയൻസ് എഴുതുകയായിരുന്നു. 

നീറ്റിന് വേണ്ടി പ്രത്യേക കോച്ചിംഗ് സെന്ററു കളിൽ പോകാനുള്ള സാമ്പത്തികമോ മറ്റോ അനുകൂല സാഹചര്യമല്ലാത്തത് കാരണം മകൾ വീട്ടിൽ നിന്നും സഖാഫി ജോലി സ്ഥലത്തുവെച്ചുമാണ് പഠിച്ചിരുന്നത്. പ്രധാനമായും 2008-2022 വരെയുള്ള ചോദ്യങ്ങൾ ആവർത്തിച്ച് പഠിക്കുന്നതായിരുന്നു ഇവരുടെ രീതി. ഫ്രീ ഓൺലൈൻ ആപ്പുകളും ഉപയോഗപ്പെടുത്തിയായിരുന്നു പഠനം. ചെറിയ കാരണങ്ങൾ മൂലം പഠനം പാതിവഴിയിൽ ഉപേക്ഷിക്കുന്നവർക്ക് പ്രചോദനവും മാതൃകയുമാണ് ഈ ഉപ്പയും മകളും.

Read More : അധ്യാപികയുടെ ജീവനെടുത്ത അപകടം; കരിങ്കല്ല് ഇറക്കി ടിപ്പറെത്തിയത് അമിത വേഗതയിൽ, അശ്രദ്ധമായ ഡ്രൈവിംഗും

Latest Videos
Follow Us:
Download App:
  • android
  • ios