Asianet News MalayalamAsianet News Malayalam

അച്ഛന്റെ മരണം, കാൻസറിന്റെ ക്രൂരത; തളർന്നില്ല, ഒരു കൈ കൊണ്ട് ഡോ. സനോജ് ഇനി കാർ ഓടിക്കും; പൊരുതി നേടിയ ലൈസൻസ്

പല ‍ഡോക്ടർമാരും ആവശ്യം തള്ളി കളഞ്ഞിട്ടും വീണ്ടും വീണ്ടും പരിശ്രമിച്ചാണ് സനോജ് തന്റെ സ്വപ്നത്തിലേക്ക് എത്തിയത്

Dr sanoj with one hand will drive the car now  Hard fight for driving license inspiring story btb
Author
First Published Mar 28, 2024, 7:56 PM IST

കാൻസർ ബാധിച്ച് ഇടത് കൈ മുറിച്ച് മാറ്റിയിട്ടും എല്ലാ വെല്ലുവിളികളെയും മറികടന്ന് സ്വപ്നമായ ഡ്രൈവിം​ഗ് ലൈസൻസ് സ്വന്തമാക്കി ഡോ. സനോജ്. പല ‍ഡോക്ടർമാരും ആവശ്യം തള്ളി കളഞ്ഞിട്ടും വീണ്ടും വീണ്ടും പരിശ്രമിച്ചാണ് സനോജ് തന്റെ സ്വപ്നത്തിലേക്ക് എത്തിയത്. തന്റെ വൈകല്യങ്ങളെ ഓർത്ത് കരഞ്ഞിരിക്കാതെ പുഞ്ചിരിയോടെയും ആത്മവിശ്വാസത്തോടെയും ജീവിതത്തെ നോക്കി കാണുന്ന സനോജിനെ കുറിച്ചുള്ള കുറിപ്പ് എംവിഡി പങ്കുവെച്ചത് ഫേസ്ബുക്കിൽ വൈറലാവുകയാണ്. 

കുറിപ്പ് വായിക്കാം 

വിജയത്തിന്റെ മധുരം നുണയമോ അതോ തോൽവിയുടെ കൈപ്പിനു മുന്നിൽ ജീവിതം അടിയറവ് വയ്ക്കണമോ എന്നുള്ളത് ഓരോ വ്യക്തിയുടെയും തീരുമാനമാണ്. നമുക്ക് ഒരാളെ പരിചയപ്പെടാം ഡോക്ടർ സനോജ്. തന്റെ വൈകല്യങ്ങളെ ഓർത്ത് കരഞ്ഞിരിക്കാതെ പുഞ്ചിരിയോടെയും ആത്മവിശ്വാസത്തോടെയും ജീവിതത്തെ നോക്കി കാണുന്ന  പ്രിയപ്പെട്ട ഡോക്ടർ സനോജ്.  ഒരു മനുഷ്യൻ ജീവിതത്തിൽ എന്തൊക്കെ വേദനയിലൂടെ കടന്നു പോയിട്ടുണ്ടോ അതിന്റെ പരകോടിയിൽ നിൽക്കുമ്പോഴും ചിരിച്ചുകൊണ്ട് ജീവിതം കൊടുക്കാൻ മടിച്ചതൊക്കെ ജീവിതത്തോട് പൊരുതി നേടിയ ആളാണ് പ്രിയപ്പെട്ട സനോജ്. 

ഏറ്റവും കഷ്ടപ്പെട്ട സാഹചര്യങ്ങളിൽ ജീവിതവും പഠനവും .ആനപ്പാപ്പാനായ അച്ഛനായിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം. പാപ്പാനായിരുന്ന സനോജിന്റെ അച്ഛൻ ആനയുടെ കുത്തേറ്റ് മരിച്ചു. വിധിയെ പഴിച്ചിരിക്കാതെ സനോജ് പഠനം തുടർന്നു. ആ സമയത്താണ് ക്യാൻസറിന്റെ രൂപത്തിൽ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി വന്നെത്തിയത്. രോഗം മൂർഛിച്ചപ്പോൾ ഇടതു കൈ മുറിച്ചു നീക്കി. അവിടെയൊന്നും തോറ്റു കൊടുക്കാൻ സനോജ് തയ്യാറായിരുന്നില്ല. ക്യാൻസറിനോട് പടപൊരുതി സനോജ് നേടിയത് ചരിത്രവിജയം. കാലിക്കറ്റ് സർവ്വകലാശാല എം എ ഹിന്ദി പരീക്ഷയിൽ തൃശ്ശൂർ ചേലക്കര പറമ്പിൽ സനോജ് നേടിയത് ഒന്നാം റാങ്ക്. ഹിന്ദിയിൽ പി എച്ച് ഡി. നിലവിൽ ദേവഗിരി കോളേജിൽ അസിസ്റ്റന്റഡ് പ്രൊഫസർ. ഡിപ്പാർട്ട്മെന്റ് ഹെഡ്. 

വലതുകൈകൊണ്ട് സൈക്കിൾ ചവിട്ടുകയും നീന്തുകയും ചെയ്യുന്ന ഡോക്ടർ സനോജിന്റെ   വലിയ സ്വപ്നങ്ങളിൽ ഒന്നായിരുന്നു ഡ്രൈവിംഗ് ലൈസൻസ് നേടി പൊതുനിരത്തിലൂടെ വാഹനം ഓടിക്കുക എന്നുള്ളത്. ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്നതുമായി ബന്ധപ്പെട്ട്  അദ്ദേഹത്തിനുണ്ടായ അനുഭവം പങ്കുവെച്ചത് ഇവിടെ കുറിക്കുന്നു. ഫോർ വീലർ ലൈസൻസ് എടുക്കുന്നതിനായി അദ്ദേഹം കോഴിക്കോട് മോട്ടോർ വാഹന വകുപ്പുമായി സംസാരിച്ചപ്പോൾ ലൈസൻസ് നൽകാമെന്ന് അവിടെ നിന്നും ഉറപ്പു ലഭിച്ചു. പക്ഷേ ഗവൺമെന്റ്  ഓർത്തോ ഡോക്ടറുടെയോ, ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ ഡോക്ടറുടെയോ മെഡിക്കൽ സർട്ടിഫിക്കറ്റ്  ഉണ്ടെങ്കിൽ മാത്രമേ തുടർനടപടികൾ സ്വീകരിക്കാൻ സാധിക്കുകയുള്ളൂ എന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. 

കഴിഞ്ഞ കുറേ  മാസങ്ങളായി മെഡിക്കൽ കോളേജിൽ അദ്ദേഹം സമീപിക്കാത്ത ഡോക്ടർമാരായില്ലായിരുന്നു. എന്നാൽ എല്ലായിടത്തുനിന്നും അദ്ദേഹത്തിന് അവഗണനയാണ് ലഭിച്ചത്. ഒരു കൈയ്യും വച്ച് എങ്ങനെ വണ്ടിയോടിക്കും എന്ന ചോദ്യം .  പക്ഷേ ദൈവത്തിന്റെ കരുതൽ ഡോക്ടർ സനോജിനോടൊപ്പം ഉണ്ടായിരുന്നു. മെഡിക്കൽ കോളേജിലെ ഓർത്തോ വിഭാഗം ഡോക്ടർ രവികുമാർ ഡോ.സനോജിന്  ഓട്ടോമാറ്റിക് വാഹനങ്ങൾ ഓടിക്കാൻ പ്രാപ്തനാണ് എന്നുള്ള സർട്ടിഫിക്കറ്റ് നൽകി. ‌

മൂന്നു മാസത്തോളം നീണ്ട കഠിന പരിശീലനം. ആദ്യത്തെ രണ്ടു തവണയും ശാരീരികാസ്വാസ്ത്യങ്ങൾ മൂലം ടെസ്റ്റിൽ പങ്കെടുക്കുവാൻ സാധിച്ചില്ല. എന്നാൽ മൂന്നാം തവണ 26/03/2024 ന്  ഡ്രൈവിംഗ് ടെസ്റ്റ് ഡോക്ടർ സനോജ് വിജയകരമായി പൂർത്തീകരിച്ചു.  ലൈസൻസ് എടുക്കുന്നതിന് അദ്ദേഹത്തിന് പൂർണ പിന്തുണ നൽകിയ കോഴിക്കോട് ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ രാജീവ്, വയനാട് എൻഫോഴ്സ്മെന്റ് ആർടിഒ അനൂപ് വർക്കി, കോഴിക്കോട് ആർടിഒ സുമേഷ്, കോഴിക്കോട് ആർ ടി ഒ യിലെ എം.വി.ഐ  അനുമോദ് കുമാർ എന്നിവരോടുള്ള അകമഴിഞ്ഞ നന്ദിയും കടപ്പാടും ഡോക്ടർ സനോജ് അറിയിച്ചു. ജീവിതത്തെ കരഞ്ഞു തോൽപ്പിക്കാതെ പുഞ്ചിരിയോടെ നേരിടുന്ന ഡോക്ടർ സനോജ് നമുക്കെല്ലാം മാതൃകയാണ്. അദ്ദേഹത്തിന് പൂർണ്ണ പിന്തുണയുമായി മോട്ടോർ വാഹന വകുപ്പും.

'കടകളിൽ അത്തരം ബോർഡും പറ്റില്ല, ബില്ലിൽ എഴുതാനും പാടില്ല'; വ്യാപാര സ്ഥാപനങ്ങളുടെ സ്ഥിരം പരിപാടി ഇനി നടക്കില്ല!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...

 

Follow Us:
Download App:
  • android
  • ios