Asianet News MalayalamAsianet News Malayalam

കുഞ്ഞിന്റെ ശേഷക്രിയക്ക് പണം സ്വരുക്കൂട്ടുന്ന ഒരമ്മ, കുഞ്ഞ് മരിച്ചശേഷം അവള്‍ ചിരിച്ചിട്ടേയില്ല!

ഒരു നഴ്‌സിന്റെ ഓര്‍മ്മക്കുറിപ്പുകള്‍. ട്രീസ ജോസഫ് എഴുതുന്ന കോളത്തില്‍ ഇന്ന് പ്രസവത്തിനു പിന്നാെല കുഞ്ഞിനെ നഷ്ടപ്പെട്ട ദരിദ്രയായ ഒരമ്മയുടെ ഉള്ളുപൊള്ളുന്ന അനുഭവം
 

memoirs of a nurse by Teresa Joseph
Author
First Published Oct 31, 2022, 4:16 PM IST

'ലഡ്കാ ഥാ, ലേകിന്‍ മര്‍ ഗയാ' വേറേതോ ലോകത്തുനിന്നെന്നപോലെ തണുത്തൊരു സ്വരം എന്നെവന്നു തൊട്ടു. മാസംതികയാതെ ജനിച്ച്, ജീവിതത്തോട് പടവെട്ടാന്‍ അല്‍പ്പവും ത്രാണിയില്ലാതെ തോറ്റുപോയൊരു പിഞ്ചുജീവനെ അവര്‍ എന്റെ മുന്‍പില്‍ നീട്ടിവെച്ചു. ഡല്‍ഹിയിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ പൂനം പ്രസവിച്ച അവളുടെ കുഞ്ഞിനെ ശവസംസ്‌കാരത്തിന് പണമില്ലാതെ അവര്‍ ആശുപത്രിയില്‍ത്തന്നെ ഉപേക്ഷിച്ചു പോരുകയായിരുന്നു.

 

memoirs of a nurse by Teresa Joseph

 

മെലിഞ്ഞ ശരീരത്തിലെ വീര്‍ത്തുന്തിയ വയര്‍. ഒട്ടും പാകമല്ലാത്ത പഴകിയൊരു ഉടുപ്പ്. പക്ഷേ അവള്‍ ഒരമ്മയായിരുന്നു. മാസം തികയാതെ പ്രസവിച്ച കുരുന്ന് തന്നെ  വിട്ട് പോയതറിഞ്ഞ് മനസ്സിന്റെ സമനില  തെറ്റിപ്പോയ ഒരുവള്‍. പൂനം... ഉന്മാദത്തിന്റെ ഇടവേളകളില്‍ എപ്പോഴെങ്കിലും അവളെന്നെ ഓര്‍മ്മിച്ചിരുന്നോ? അറിയില്ല. എങ്കിലും ഇടയ്ക്കിടെ ഒരു നൊമ്പരമായി ആ സൗഹൃദം മനസ്സിലേക്ക് കടന്നുവരാറുണ്ട്. 

 പൂനം, നിന്നെ ഞാന്‍ വീണ്ടുമോര്‍മ്മിക്കുന്നു. ഉറക്കം പിണങ്ങി മാറിനില്‍ക്കുന്ന  ചില രാവുകളില്‍ മനസ്സില്‍ മിന്നിമായുന്ന പല മുഖങ്ങളില്‍ നിന്ന് നിന്റെ മുഖം വേറിട്ടു നില്‍ക്കുന്നു. നമ്മള്‍ ഒരേകാലത്ത് ഒരേ സ്വപ്നങ്ങള്‍ കണ്ടവരാണ്. ഒരേ ചിരി പകുത്തവരാണ്. ഒടുവില്‍, നിന്റെയോര്‍മ്മയില്‍ ഞാനുണ്ടാവില്ല എന്നെന്നോട് പറയാതെ ഉന്മാദിനിയുടെ കവചം ധരിച്ച് ഒളിച്ചോട്ടം നടത്തിയവളാണ് നീ. എങ്കിലും നിന്നെ ഇന്നുമോര്‍മ്മിക്കുന്നു. പതിനാറ് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള അതേ തെളിമയോടെ.
 
ഞാന്‍ മൂത്ത മോളെ ഗര്‍ഭം ധരിച്ചിരിക്കുന്ന കാലത്താണ് പൂനത്തെ കാണുന്നത്.  CGFNS പഠിച്ചുകൊണ്ടിരിക്കുന്ന സമയം. പഠിക്കുന്ന ഒപ്പംതന്നെ അടുത്ത ബാച്ചിലെ കുട്ടികളെ പഠിപ്പിക്കുന്നുമുണ്ടായിരുന്നു. കൂടെ ജോലി ചെയ്യുന്നവര്‍ ഉച്ചക്ക് ഊണ് കഴിയുമ്പോള്‍ കിട്ടുന്ന വിശ്രമസമയത്ത് എന്നെ ഇരിക്കാന്‍ സമ്മതിക്കാതെ പുറത്തുകൂടി നടക്കാന്‍ പറഞ്ഞുവിടും. പ്രഗ്‌നന്‍സിയില്‍ ഉണ്ടാകുന്ന ഡയബെറ്റിസ് വില്ലനായി കൂടെയുണ്ടായിരുന്നു. അത് വഷളാകാതിരിക്കാന്‍ മാനേജര്‍ നിര്‍ബന്ധിച്ചു പറഞ്ഞുവിടുന്നതാണ്.
 
അങ്ങനെ നടക്കുന്ന ഒരുദിവസമാണ് തൊട്ടടുത്ത വളവില്‍ ബ്രെഡ് പക്കോഡ ഉണ്ടാക്കുന്ന തട്ടുകട കണ്ണില്‍പെട്ടത്. ഷുഗര്‍ കൂടാതിരിക്കാന്‍ അളന്നും തൂക്കിയും വായ്ക്ക് രുചിയില്ലാത്ത ഭക്ഷണം കഴിച്ച് മടുത്തിരുന്നു. പക്കോഡ കഴിക്കാന്‍ അടക്കാനാവാത്ത ആശ. തിളക്കുന്ന എണ്ണയില്‍ വറുത്തുകോരിയ മൊരിഞ്ഞ ബ്രെഡ് പക്കോഡ. പ്രലോഭനം സഹിക്കാന്‍ വയ്യാതെ അന്ന്മുതല്‍ ഞാന്‍ ആ കടയിലെ സ്ഥിരം കസ്റ്റമറായി. ഷുഗര്‍കുറയ്ക്കാന്‍ ലഞ്ച് കഴിഞ്ഞ് നടക്കാനിറങ്ങും. പക്കോഡ വാങ്ങി തൊട്ടടുത്ത പാര്‍ക്കിലെ ബെഞ്ചിലിരുന്ന് കഴിച്ചിട്ട് തിരിയെ പോകും.
 
സ്ഥിരമായി ഈ പരിപാടി തുടരുന്നതിനിടയിലാണ് എന്നെ നോക്കുന്ന രണ്ടുകണ്ണുകള്‍ ശ്രദ്ധിച്ചു തുടങ്ങിയത്. തട്ടുകടയോട് ചേര്‍ന്നുള്ള ചെറിയ സ്ഥലത്ത്  മൂന്നോ നാലോ കുട്ടകളില്‍ പച്ചക്കറി നിരത്തിവെച്ച് വില്‍ക്കുന്ന ഒരുപെണ്‍കുട്ടി. അണിഞ്ഞിരിക്കുന്ന ഒട്ടും പാകമല്ലാത്ത സാല്‍വാര്‍കമ്മീസ് അവളുടെ എഴുന്നുനില്‍ക്കുന്ന തോളെല്ലുകള്‍ എടുത്തുകാണിച്ചു. ഞങ്ങളുടെ നോട്ടങ്ങള്‍ കൂട്ടിമുട്ടിയപ്പോള്‍ അവള്‍ ചിരിച്ചു. ഞാന്‍ എന്തെങ്കിലും വാങ്ങുമെന്ന പ്രതീക്ഷയിലാവണം അവള്‍ വീണ്ടും എന്നെനോക്കി. ആവശ്യമില്ലാതിരുന്നിട്ടും, അന്ന് പക്കോഡ വാങ്ങിയതിന്റെ ബാക്കി കയ്യില്‍ ചുരുട്ടിപ്പിടിച്ചിരുന്ന പണം കൊണ്ട് തക്കാളിയും ഉരുളക്കിഴങ്ങും മല്ലിയിലയും വാങ്ങി ഞങ്ങള്‍ കൂട്ടായി. 

പൂനം, അതായിരുന്നു അവളുടെ പേര്. അവളും അമ്മയും കൂടിയാണ് പച്ചക്കറിക്കച്ചവടം ചെയ്യുന്നത്. അപ്പന്‍ റിക്ഷ വലിക്കും. ഡല്‍ഹി ജീവിക്കാനുള്ള വക തരുമെന്ന് സ്വപ്നം കണ്ട് തലസ്ഥാനത്തേക്ക് ചേക്കേറിയ വടക്കേ ഇന്ത്യന്‍ ഗ്രാമങ്ങളിലൊന്നില്‍ നിന്നുള്ള അനേകം കുടുംബങ്ങളിലൊന്നായിരുന്നു പൂനത്തിന്റേത്. ഇടയ്ക്കിടെ അവള്‍ എന്റെ വീര്‍ത്തുന്തിയ വയറിലേക്ക് നോക്കി വെറുതെ ചിരിക്കും. ഒരുദിവസം പാര്‍ക്കിലെ ബെഞ്ചിലിരുന്ന് പക്കോഡ കഴിക്കുന്നതിനിടെ ഞാനവളെ കൈകാട്ടിവിളിച്ചു. അല്‍പ്പം നാണിച്ചെങ്കിലും അവള്‍ എഴുന്നേറ്റ് വന്നു. ഒരു കൊച്ചുപെണ്‍കുട്ടിയാവും പൂനം എന്നായിരുന്നു ഞാന്‍ കരുതിയിരുന്നത്. അന്നാണ് കണ്ടത്, അയഞ്ഞ സല്‍വാറിനുള്ളില്‍ ഉന്തിനില്‍ക്കുന്ന വയര്‍. ഞങ്ങളുടെ രണ്ടുപേരുടെയും വയറ്റില്‍ കുഞ്ഞുങ്ങള്‍. ഞാന്‍ പതിയെ അവളുടെ വയറില്‍ തൊട്ടു. കുട്ടികള്‍ ചിരിക്കുന്നത്‌പോലെ അവള്‍ ചിരിച്ചു. പിന്നെ ഏറെനാളുകളായി ആഹാരം കാണുന്നൊരു കൊതിയോടെ തക്കാളിസോസില്‍മുക്കി ബ്രെഡ്പക്കോഡ കഴിക്കാന്‍ തുടങ്ങി. കുഞ്ഞിന്റെ അപ്പന്‍ എവിടെ എന്ന് ചോദിച്ചപ്പോള്‍ അവള്‍ നാണിച്ചുചിരിച്ചു. അവന്‍ നഗരത്തിന്റെ വേറൊരു ഭാഗത്ത് റിക്ഷവലിക്കുകയാണ്.
 
കുറച്ചുമാസങ്ങള്‍കൂടി കഴിഞ്ഞപ്പോള്‍ ഞാന്‍ ജോലി മതിയാക്കി കുഞ്ഞിന്റെ വരവിനായുള്ള തയ്യാറെടുപ്പുകളിലേക്ക് തിരിഞ്ഞു. പിന്നീടുള്ള തിരക്കുകളില്‍ പൂനത്തിന്റെ മുഖം വല്ലപ്പോഴും എത്തിനോക്കുന്നഒരു സൗഹൃദത്തിന്റെ ഓര്‍മ്മ മാത്രമായി ചുരുങ്ങി.
 
കുഞ്ഞുണ്ടായി കുറച്ചുനാള്‍ കഴിഞ്ഞാണ് വീണ്ടും അതുവഴിപോകുന്നത്. ജോലിചെയ്തിരുന്ന ഓഫീസില്‍നിന്ന് ഒരു സര്‍ട്ടിഫിക്കറ്റ് വാങ്ങണമായിരുന്നു. ബസിറങ്ങി സബ്വേയില്‍ കൂടി റോഡ് മുറിച്ചുകടന്ന് നടക്കുമ്പോള്‍ കുഞ്ഞ് ഉണര്‍ന്ന് കരയുമോ എന്നൊരാധി എന്നെഅലട്ടിക്കൊണ്ടിരുന്നു. ജനുവരിയുടെ തണുപ്പ് ഇട്ടിരുന്ന സ്വെറ്ററിനെ തുളച്ചുകയറി. ചുളുചുളെ കുത്തുന്ന തണുപ്പിനെ ചെറുക്കാന്‍, പുതച്ചിരുന്ന ഷാള്‍ ഒന്നുകൂടി കഴുത്തിനെ പൊതിഞ്ഞ് വലിച്ചിട്ടു. ഏതാനും മാസങ്ങള്‍കൊണ്ട് ഡല്‍ഹിയുടെ നിരത്തുകള്‍ മുഖം മിനുക്കിയിരുന്നു. എങ്കിലും പഴയ തട്ടുകടയും പച്ചക്കറിക്കടയുംഅവിടെത്തന്നെയുണ്ട്. ഞാന്‍ പൂനത്തെക്കാണാന്‍ ഒന്നുനിന്നു. അവള്‍ക്കും കുഞ്ഞുണ്ടായിട്ടുണ്ടാവും, ഞാനോര്‍ത്തു. അവളുടെയും എന്റെയും പ്രസവത്തിന്റെ തീയതി ഏകദേശം അടുത്തായിരുന്നു. അവള്‍ക്ക്‌കൊടുക്കാന്‍ ഒന്നും കരുതിയിട്ടില്ലല്ലോ എന്ന് അപ്പോഴാണോര്‍ത്തത്.  
 
പഴയതിലും മെലിഞ്ഞിരുന്നു പൂനം. എന്നെ കണ്ടിട്ട് ഒരു പരിചയഭാവവും ഇല്ല. ഇത്രപെട്ടെന്ന് എന്നെ മറന്നുപോയോ എന്നൊരു സങ്കടം അവളുടെ അമ്മയോട് ഞാന്‍ പങ്കുവെച്ചു. പേരക്കുട്ടി ആണോ പെണ്ണോ എന്ന്തിരക്കിയപ്പോള്‍ അവരുടെ കണ്ണുകള്‍ നിറഞ്ഞു.
 
'ലഡ്കാ ഥാ, ലേകിന്‍ മര്‍ ഗയാ' വേറേതോ ലോകത്തുനിന്നെന്നപോലെ തണുത്തൊരു സ്വരം എന്നെവന്നു തൊട്ടു. മാസംതികയാതെ ജനിച്ച്, ജീവിതത്തോട് പടവെട്ടാന്‍ അല്‍പ്പവും ത്രാണിയില്ലാതെ തോറ്റുപോയൊരു പിഞ്ചുജീവനെ അവര്‍ എന്റെ മുന്‍പില്‍ നീട്ടിവെച്ചു. ഡല്‍ഹിയിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ പൂനം പ്രസവിച്ച അവളുടെ കുഞ്ഞിനെ ശവസംസ്‌കാരത്തിന് പണമില്ലാതെ അവര്‍ ആശുപത്രിയില്‍ത്തന്നെ ഉപേക്ഷിച്ചു പോരുകയായിരുന്നു. കുഞ്ഞ് മരിച്ചതില്‍പ്പിന്നെ അവള്‍ ചിരിച്ചിട്ടേയില്ല. കുഞ്ഞിന്റെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാത്തത് കൊണ്ടാണ് അവളുടെ മുഖത്ത് ചിരിയില്ലാത്തത് എന്നവര്‍ പറഞ്ഞു. കുഞ്ഞിന്റെ ശേഷക്രിയകള്‍ ചെയ്യാന്‍ പണം സ്വരുക്കൂട്ടുകയാണവര്‍.
 
അവളെ ഹോസ്പിറ്റലില്‍ കൊണ്ടുപോകാന്‍ പറഞ്ഞ എന്നോട് അവര്‍ കയര്‍ത്തു. കൈത്തലത്തില്‍ ഞാന്‍ വെച്ചുകൊടുത്ത ഏതാനും നോട്ടുകള്‍ ഒന്ന് നോക്കുകപോലും ചെയ്യാതെ അവര്‍ നിരസിച്ചു. പിന്നെ ആരോടൊക്കെയോ ഉള്ള വാശിപോലെ തക്കാളിക്കുട്ടക്ക് മേലെ വന്നിരുന്ന ഈച്ചകളെ ആട്ടിയോടിക്കാന്‍ തുടങ്ങി. ഇരുട്ടു പരന്നു തുടങ്ങിയ ഗലികളിലെ തെരുവുവെളിച്ചത്തില്‍ അവരുടെ കണ്ണില്‍ തിളങ്ങുന്ന നീര്‍മണികള്‍!
 
ബലികര്‍മ്മങ്ങള്‍ക്കായി ആളുകള്‍ തിക്കിത്തിരക്കുന്ന ഒരു പുഴയോരം എന്റെ കണ്‍മുന്‍പില്‍ തെളിഞ്ഞു. ഇലച്ചീന്തില്‍ അര്‍പ്പിച്ച പൂവിതളുകള്‍ പുഴയുടെ ഓളങ്ങളില്‍പെട്ട് ഒഴുകി നടക്കുന്നു. ഏത് പൂവിതളിലാകും ഒരു കുഞ്ഞാത്മാവ് പരദേശത്തേക്കുള്ള യാത്രപോകുക? അവന്റെ മുന്‍പില്‍ മോക്ഷപ്രാപ്തിയിലേക്കുള്ള വാതായനങ്ങള്‍ ഏത് കര്‍മ്മിയാകും തുറന്നിടുക! കുഞ്ഞേ, നിളയുടെ മാറില്‍ നിനക്കായ് ഒരിതള്‍പ്പൂവ്. ഒപ്പം നിന്റെ അമ്മയുടെ കവിളില്‍ ഒരു സ്‌നേഹചുംബനവും! നിന്റെ യാത്രക്കായുള്ള പാഥേയം ഒരു നീര്‍ത്തുള്ളിയായ് ഇതാ ഞാനര്‍പ്പിക്കുന്നു. ദാഹമേശാതെ പരലോകവാതില്‍ക്കടന്ന് പോകാന്‍ ഒരു നീര്‍ക്കണം!
 
ശേഷക്രിയകള്‍, മരിച്ചുപോയവര്‍ക്കല്ല  ജീവിച്ചിരിക്കുന്നവര്‍ക്കാണ് ആത്മശാന്തി കൊടുക്കുന്നതെന്ന് ഞാനോര്‍ത്തു. എത്രയോ കുഞ്ഞുങ്ങളുണ്ടാവും ഇങ്ങനെ അമ്മമാരുടെ നെഞ്ചില്‍ നോവായവര്‍! യുദ്ധക്കെടുതിയില്‍ കബന്ധങ്ങളായ് ചിതറിയവര്‍. ജീവനറ്റ ദേഹവുമായി അമ്മയുടെ വയറ്റില്‍നിന്നും പുറത്തു വന്നവര്‍. എള്ളും പൂവും നേദിക്കാനായി ശേഷിപ്പുകള്‍പോലും ബാക്കിയാക്കാതെ മറഞ്ഞുപോയവര്‍!
 
മുഷിഞ്ഞ സാരിയുടെ തുമ്പില്‍ കണ്ണും മുഖവും അമര്‍ത്തിത്തുടച്ച് അവര്‍ എന്നോട് തിരക്കി 'ആപ്‌കോ ക്യാ ഹുവാ'? കനപ്പെട്ട തൊണ്ടയില്‍നിന്ന് വന്ന നനഞ്ഞൊരു ശബ്ദത്തില്‍ ഞാന്‍ പറഞ്ഞു 'ലഡ്കി ഹുയി.'
 
പിന്നെയവിടെ നില്‍ക്കന്‍ തോന്നിയില്ല. പൂനത്തിന്റെ മുഖത്ത് നോക്കാന്‍ ധൈര്യമില്ലാതെ ഞാന്‍ തിരിഞ്ഞു നടന്നു. ഇനിയൊരിക്കലും ആരോടും കൂട്ടുകൂടില്ലെന്നും, ആരുടെയും ദുഃഖങ്ങള്‍ സ്വന്തമായി കരുതുകയില്ലെന്നും ഉള്ള ഒട്ടും ഉറപ്പില്ലാത്തൊരു പ്രതിജ്ഞ മനസ്സിലുറപ്പിച്ച് ഞാന്‍ വേഗത്തില്‍ നടന്നു. തിരിഞ്ഞുനടന്നതും പുറകില്‍നിന്ന് ഒരു പൊട്ടിച്ചിരി. ഉന്മാദിയായൊരു കാറ്റ് കുടഞ്ഞിട്ടത് പോലെ അവളുടെചിരിപ്പൂക്കള്‍ എന്റെ മേല്‍ വീണുചിതറി. 

തിരിഞ്ഞുനോക്കിയ എന്റെമേല്‍ പൂനത്തിന്റെ ജീവനില്ലാത്ത നോട്ടം തറച്ചിരുന്നു. ഒന്നും മിണ്ടാന്‍ ധൈര്യമില്ലാതെ, ഓട്ടത്തിന്റെയും നടപ്പിന്റെയുമിടയില്‍ പെട്ടൊരു ചുഴിയില്‍ എന്റെകാലുകളിടറി. എന്തില്‍നിന്നോ രക്ഷപ്പെടാനെന്നവണ്ണം തിരികെ നടന്നു. 
 
'ആലൂ..ഗോപീ..പ്യാജ്..' 

നിലവിളി പോലൊരു ശബ്ദം എന്റെ പിന്നാലെ വന്നു.
 

Latest Videos
Follow Us:
Download App:
  • android
  • ios