Asianet News MalayalamAsianet News Malayalam

14,000 മെട്രിക് ടൺ ബസ്മതി ഇതര വെള്ള അരി കടൽ കടക്കും; മൗറീഷ്യസിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി ഈ കാരണത്താൽ

മൗറീഷ്യസിലേക്ക് ബസ്മതി ഇതര വെള്ള അരി കയറ്റുമതി ചെയ്യാൻ ഇന്ത്യ. നാഷണൽ കോഓപ്പറേറ്റീവ് എക്‌സ്‌പോർട്ട്‌സ് ലിമിറ്റഡ് വഴിയാണ് അരി കയറ്റുമതി ചെയ്യുക

India To Export 14,000 Metric Tonne Non-Basmati White Rice To Mauritius
Author
First Published May 7, 2024, 2:24 PM IST

ദില്ലി: മൗറീഷ്യസിലേക്ക് ബസ്മതി ഇതര വെള്ള അരി കയറ്റുമതി ചെയ്യാൻ ഇന്ത്യ. നാഷണൽ കോഓപ്പറേറ്റീവ് എക്‌സ്‌പോർട്ട്‌സ് ലിമിറ്റഡ് വഴിയാണ് അരി കയറ്റുമതി ചെയ്യുക എന്നാണ് ഡയറക്ടർ ജനറൽ ഓഫ് ഫോറിൻ ട്രേഡിൻ്റെ വിജ്ഞാപനത്തിലുള്ളത്. 14,000 മെട്രിക് ടൺ ബസുമതി ഇതര വെള്ള അരി ഇതുപ്രകാരം കടൽ കടക്കും. 

2023 ജൂലൈയിൽ, ഇന്ത്യൻ സർക്കാർ ബസുമതി ഇതര വെള്ള അരിയുടെ കയറ്റുമതി നിരോധിച്ചിരുന്നു. ഇതിൽ സെമി-മിൽഡ്, മിൽഡ്, പോളിഷ്ഡ്, ഗ്ലേസ്ഡ് ഇനങ്ങൾ ഉൾപ്പെടുന്നു. ജൂലൈയിൽ ആഭ്യന്തര ലഭ്യത വർദ്ധിപ്പിക്കുന്നതിനാണ് കേന്ദ്രം കയറ്റുമതി നിരോധനം ഏർപ്പെടുത്തിയത്. അതേഅസമയം, ചില രാജ്യങ്ങൾക്ക് അവരുടെ ഭക്ഷ്യസുരക്ഷാ ആവശ്യങ്ങൾ നിറവേറ്റുന്നതിന് അവരുടെ അഭ്യർത്ഥന പ്രകാരം അരി കയറ്റുമതിക്ക് സർക്കാർ അനുമതി നൽകിയിട്ടുണ്ട്. 

മുൻപ്, ടാൻസാനിയയിലേക്ക് 30,000 ടൺ ബസ്മതി ഇതര അരിയും ജിബൂട്ടി, ഗിനിയ-ബിസാവു എന്നിവിടങ്ങളിലേക്ക് 80,000 ടൺ നുറുക്കലരിയും കയറ്റുമതി ചെയ്യാൻ സർക്കാർ അനുമതി നൽകിയിരുന്നു. വിജ്ഞാപനമനുസരിച്ച്, ജിബൂട്ടിക്ക് 30,000 ടൺ നുറുക്കലരിയും ഗിനിയ-ബിസാവുവിന് 50,000 ടണ്ണും അനുവദിച്ചിട്ടുണ്ട്.

നേരത്തെ നേപ്പാൾ, കാമറൂൺ, കോട്ട് ഡി ഐവർ, ഗിനിയ, മലേഷ്യ, ഫിലിപ്പീൻസ്, സീഷെൽസ് തുടങ്ങിയ രാജ്യങ്ങളിലേക്കും ഇന്ത്യ അരി കയറ്റുമതി ചെയ്തിട്ടുണ്ട്.

ആഭ്യന്തര വില പിടിച്ചുനിർത്താൻ അരി കയറ്റുമതിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള ഇന്ത്യയുടെ ശ്രമം കഴിഞ്ഞ വർഷം ജൂലൈ മുതൽ ലോകമെമ്പാടും രൂക്ഷമായ വിമർശനത്തിന് ഇടയാക്കിയിരുന്നു. ഇതോടെ ഇന്ത്യയിൽ നിന്നും അരി വാങ്ങുന്നവർ വിയറ്റ്നാം, തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങൾകിലേക്ക് അരിക്കായി സമീപിച്ചു. 

ആഗോളതലത്തിൽ മൊത്തം അരി കയറ്റുമതിയിൽ ഇന്ത്യയുടെ സംഭാവന 40% ആണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 

Latest Videos
Follow Us:
Download App:
  • android
  • ios