Asianet News MalayalamAsianet News Malayalam

വിവാഹം മുടങ്ങിയത് മൂന്നുതവണ, വധു നേരെ സ്റ്റേഷനിലേക്ക്, പൊലീസുകാരുടെ സാന്നിധ്യത്തിൽ ബേബി കുമാരിക്ക് വിവാഹം

ഇത്തവണ മെയ് അഞ്ചിന് വരന്റെ ​ഗ്രാമത്തിലെ അമ്പലത്തിൽ വിവാഹം നടത്താം എന്നായിരുന്നു തീരുമാനം. പക്ഷേ, ഇത്തവണയും വരൻ ചതിച്ചു. അയാൾ എത്തിയില്ല. ഇതോടെ സഹികെട്ട് വധുവും വീട്ടുകാരും നേരെ പൊലീസ് സ്റ്റേഷനിലെത്തി.

after three failed attempts Suraj Paswan and Baby kumari from bihar married in presence of police
Author
First Published May 8, 2024, 2:10 PM IST

ഒന്നും രണ്ടും മൂന്നും തവണ വിവാഹിതരാകാനുള്ള ശ്രമം മുടങ്ങുക, ഒടുവിൽ പൊലീസുകാരുടെ സാന്നിധ്യത്തിൽ നാലാം തവണ വിവാഹം നടക്കുക. കഴിഞ്ഞ ദിവസം ബീഹാറിലെ അരായിൽ നടന്ന സംഭവമാണ്. 

മൂന്ന് ദിവസം വിവാഹം നടത്താനുള്ള ശ്രമങ്ങൾ നടന്നു. എന്നാൽ, നാലാം ദിവസം മാത്രമാണ് വരൻ വധുവിനെ സ്വീകരിക്കുന്നത്. അതും പ്രശ്‌നം ഒത്തുതീർപ്പാക്കാൻ പൊലീസിന് വരെ ഇടപെടേണ്ടി വന്ന ശേഷം. അങ്ങനെ പൊലീസിന്റെ സാന്നിധ്യത്തിൽ ബഖോരാപൂർ ക്ഷേത്രത്തിൽ വച്ചായിരുന്നത്രെ ഈ വിവാഹം നടന്നത്. 

രാംപൂർ ​ഗ്രാമത്തിലാണ് സംഭവം നടന്നത്. ഏപ്രിൽ 28 -നായിരുന്നു ചതർ ഗ്രാമത്തിലെ പക്ഷി പാസ്വാൻ്റെ മകൻ സൂരജ് പാസ്വാനും, രാംപൂർ ഗ്രാമത്തിലെ ശങ്കർ പാസ്വാന്റെ മകൾ ബേബി കുമാരിയും തമ്മിലുള്ള വിവാഹം നിശ്ചയിച്ചിരുന്നത്. വധൂ​ഗൃഹത്തിലായിരുന്നു ചടങ്ങുകൾ നടന്നത്. വലിയ ആഘോഷത്തിലും സന്തോഷത്തിലുമാണ് വരന്റെ ഭാ​ഗത്ത് നിന്നും ഘോഷയാത്രയായി ആളുകൾ എത്തിയത്. വരമാല ചടങ്ങ് നടക്കുന്നതിന് തൊട്ടുമുമ്പായി പക്ഷേ എല്ലാം അലങ്കോലമായി. 

വധുവിന്റെ അമ്മാവനും വരന്റെ സഹോദരനും തമ്മിലുണ്ടായ തർക്കമായിരുന്നു ഇതിന് കാരണം. ആകെ വഴക്കും ബഹളവുമായതോടെ വരൻ ദേഷ്യം വന്ന് മണ്ഡപത്തിൽ നിന്നുമിറങ്ങി തന്റെ ആളുകളോടൊപ്പം തിരികെ പോയി. അതോടെ വധുവും വീട്ടുകാരും വിഷമത്തിലായി. 

വധുവിന്റെ വീട്ടുകാരും വിവാഹത്തിന്റെ ബ്രോക്കറും എല്ലാം ചേർന്ന് വരനെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കാൻ ശ്രമിച്ചെങ്കിലും വരൻ ഒന്നിനും വഴങ്ങിയില്ല. അങ്ങനെ ഒരുപാട് തവണ ശ്രമിച്ചതോടെ വരൻ സമ്മതിക്കുകയും തന്റെ ​ഗ്രാമത്തിനടത്തുള്ള അമ്പലത്തിലായിരിക്കണം വിവാഹച്ചടങ്ങുകൾ എന്ന നിബന്ധന വയ്ക്കുകയും ചെയ്തു. ലഹോങ് ബാബ മതിയ ക്ഷേത്രത്തിലായിരുന്നു ഇത്തവണ ചടങ്ങ് തീരുമാനിച്ചത്. പിറ്റേന്ന് തീരുമാനിച്ച പ്രകാരം വധുവും കൂട്ടരും അവിടെ എത്തിച്ചേരുകയും ചെയ്തു. 

എന്നാൽ, വരൻ എത്തിച്ചേർന്നില്ല. ബ്രോക്കറും വധുവിന്റെ വീട്ടുകാരും വീണ്ടും വരനെ സമീപിക്കുകയും കാര്യങ്ങൾ സംസാരിക്കുകയും ചെയ്തു. ഒടുവിൽ വരൻ വീണ്ടും സമ്മതിച്ചു. ഇത്തവണ മെയ് അഞ്ചിന് വരന്റെ ​ഗ്രാമത്തിലെ അമ്പലത്തിൽ വിവാഹം നടത്താം എന്നായിരുന്നു തീരുമാനം. പക്ഷേ, ഇത്തവണയും വരൻ ചതിച്ചു. അയാൾ എത്തിയില്ല. ഇതോടെ സഹികെട്ട് വധുവും വീട്ടുകാരും നേരെ പൊലീസ് സ്റ്റേഷനിലെത്തി. അങ്ങനെ ബധാര പൊലീസ് സ്റ്റേഷനിലെ പൊലീസുകാർ വരനെയും കുടുംബത്തെയും കാര്യങ്ങൾ പറഞ്ഞു മനസിലാക്കി. 

ഒടുവിൽ, നാലാം തവണ ബധാര പൊലീസ് സ്റ്റേഷന് സമീപത്തുള്ള ഒരു ക്ഷേത്രത്തിൽ വച്ച് പൊലീസുകാരുടെ സാന്നിധ്യത്തിൽ സൂരജിന്റെയും ബേബി കുമാരിയുടെയും വിവാഹം നടന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios