Asianet News MalayalamAsianet News Malayalam

മണിക്കൂറിൽ 1100 മരങ്ങളെ കെട്ടിപ്പിടിച്ച് യുവാവ്, വീഡിയോ, ഒടുവില്‍ ​ലോക റെക്കോർഡിൽ പേര്

അബൂബക്കർ താഹിരു ഇടതൂർന്ന വനത്തിലൂടെ ഓടുന്നതും വ്യത്യസ്ത മരങ്ങളെ വേഗത്തിൽ കെട്ടിപ്പിടിക്കുന്നതും വീഡിയോയിൽ കാണാം. വീഡിയോ ഇതുവരെ ഏകദേശം 10 ലക്ഷം കാഴ്ചക്കാരെ നേടിക്കഴിഞ്ഞു.

man hugs over 1100 trees in one hour for guinness world record
Author
First Published May 9, 2024, 10:28 AM IST

പറയുന്നത്ര എളുപ്പമുള്ള കാര്യമല്ല ഒരു ലോക റെക്കോർഡ് സ്വന്തം പേരിൽ സൃഷ്ടിക്കുക എന്നത്. വർഷങ്ങളുടെ പരിശീലനവും ക്ഷമയും ഭാഗ്യവും ഒക്കെ അത് നേടിയെടുക്കാനുള്ള ഘടകങ്ങളാണ്. ഇക്കാലത്തിനിടയിൽ സാധാരണക്കാരായ നിരവധി ആളുകൾ അസാധാരണമായ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കുകയും ഗിന്നസ് വേൾഡ് റെക്കോർഡ്സിൽ ഇടം നേടുകയും  ചെയ്തിട്ടുണ്ട്. 

അത്തരം ചില നേട്ടങ്ങൾ പരിശോധിച്ചാൽ അവയിൽ പലതും നമുക്ക് വിചിത്രമായി തോന്നിയേക്കാം. അത്തരത്തിൽ വിചിത്രമായ ഒരു കാര്യത്തിലൂടെ അടുത്തിടെ ഗിന്നസ് വേൾഡ് റെക്കോർഡ്സിൽ ഇടം നേടിയ ഒരു യുവാവ് വാർത്തകളിൽ നിറയുകയുണ്ടായി. ഒരു മണിക്കൂർ കൊണ്ട് 1100 -ലധികം മരങ്ങളെ കെട്ടിപ്പിടിച്ചാണ് ഇയാൾ ഗിന്നസ് വേൾഡ് റെക്കോർഡ്സിൽ തന്റെ പേര് രേഖപ്പെടുത്തിയത്.

ഘാനയിൽ നിന്നുള്ള 29 -കാരനായ അബൂബക്കർ താഹിരു എന്ന യുവാവാണ് ഇത്തരത്തിൽ വ്യത്യസ്തമായ ഒരു പ്രവൃത്തിയിലൂടെ ലോകശ്രദ്ധ പിടിച്ചുപറ്റിയത്. പരിസ്ഥിതി പ്രവർത്തകനും ഫോറസ്റ്റ് വിദ്യാർത്ഥിയും ആണ് അബൂബക്കർ താഹിരു. ഗിന്നസ് വേൾഡ് റെക്കോർഡ് ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വിവരങ്ങൾ പ്രകാരം ഒരു മിനിറ്റിനുള്ളിൽ അദ്ദേഹം 19 മരങ്ങളെ ആലിംഗനം ചെയ്തു. 

അമേരിക്കയിലെ അലബാമയിലുള്ള ടസ്‌കെഗീ നാഷണൽ ഫോറസ്റ്റിലാണ് ഈ മത്സരം നടന്നത്. ഇരുകൈകളും ഒരു മരത്തിൽ ചുറ്റിപ്പിടിക്കുക എന്നതായിരുന്നു ആലിംഗന പ്രകടനത്തിൻ്റെ മാനദണ്ഡം. എന്നാൽ, ഒരു മരവും ഒന്നിലധികം തവണ കെട്ടിപ്പിടിക്കാൻ പാടില്ല. മാത്രമല്ല, ഒരു മരത്തിനും കേടുപാടുകൾ വരുത്താനും പാടില്ല. ഈ പറഞ്ഞ കാര്യങ്ങളിൽ ഏതെങ്കിലും സംഭവിച്ചാൽ മത്സരത്തിൽ നിന്ന് അയോഗ്യനാവും. 

ഗിന്നസ് വേൾഡ് റെക്കോർഡിൻ്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം ഹാൻഡിൽ ശ്രദ്ധേയമായ നേട്ടത്തിൻ്റെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. അബൂബക്കർ താഹിരു ഇടതൂർന്ന വനത്തിലൂടെ ഓടുന്നതും വ്യത്യസ്ത മരങ്ങളെ വേഗത്തിൽ കെട്ടിപ്പിടിക്കുന്നതും വീഡിയോയിൽ കാണാം. വീഡിയോ ഇതുവരെ ഏകദേശം 10 ലക്ഷം കാഴ്ചക്കാരെ നേടിക്കഴിഞ്ഞു.

ഇത് ആദ്യമായാണ് ഇത്തരത്തിൽ ഒരു നേട്ടം ഒരാൾ സ്വന്തമാക്കുന്നത്. ഈ നേട്ടം സ്വന്തമാക്കാൻ ഗിന്നസ് വേൾഡ് റെക്കോർഡ്സ് മുന്നോട്ടുവച്ചത് ഒരു മണിക്കൂറിൽ 700 മരങ്ങളെ ആലിംഗനം ചെയ്യുക എന്നതായിരുന്നു. എന്നാൽ ആയിരത്തിലധികം മരങ്ങളെ ആലിംഗനം ചെയ്ത് അബൂബക്കർ താഹിരു ആദ്യ റെക്കോർഡ് സ്വന്തം പേരിൽ ആക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios